ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സാമൂഹികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങളും രാജ്യത്തെ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കാന്തപുരം നേരത്തെ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിശുദ്ധ റമളാൻ സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി കേന്ദ്രസർക്കാർ കൂടുതൽ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത കാന്തപുരം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. വഖ്ഫ്, എസ്.ഐ.ആർ വിഷയങ്ങളിലെ ആശങ്കകൾ, പുരാതന മസ്ജിദുകളുടെയും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം, മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ പുനഃസ്ഥാപനം എന്നിവ അദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചു.
ബറേലി സംഭവത്തിൽ ഉൾപ്പെടെ നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും ഉത്തരേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായ മുബാറക്പൂർ ജാമിഅ അശ്റഫിയ്യ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കുക, അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്ററിന്റെ വികസനം ഉറപ്പാക്കുക തുടങ്ങിയ പ്രാദേശിക വികസന വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. സാമ്പത്തിക മുന്നേറ്റത്തിനൊപ്പം തന്നെ മാനവ വികസനത്തിനും സന്തോഷ സൂചികയ്ക്കും രാജ്യം പ്രാധാന്യം നൽകണമെന്നും വിഭവങ്ങൾ പ്രാദേശിക സന്തുലിതാവസ്ഥയോടെ വിതരണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന രീതിയിലുള്ള ഇത്തരം ഇടപെടലുകളെക്കുറിച്ച് തനിക്ക് അറിവുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പങ്കുവെച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.



