റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ഹറമൈൻ അതിവേഗ റെയിൽവേ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. റമദാനിൽ മക്കക്കും മദീനക്കും ഇടയിൽ 3,662 സർവീസുകളിലായി 1.7 ദശലക്ഷത്തിലധികം യാത്രക്കാർക്ക് യാത്രാസൗകര്യം ലഭ്യമാക്കുമെന്ന് സൗദി അറേബ്യ റെയിൽവേ അറിയിച്ചു. ഉംറ തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് പ്രാർർഥനാ സമയങ്ങളോട് യോജിക്കുന്ന രീതിയിൽ പ്രതിദിനം നൂറിലധികം ട്രെയിൻ സർവീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മക്ക, മദീന നഗരങ്ങൾക്കിടയിലെ യാത്രാശേഷി പരമാവധി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തനക്ഷമമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
റെയിൽവേയുടെ ശേഷി ഇനിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്പാനിഷ് കമ്പനിയായ ടാൽഗോയിൽ നിന്ന് 20 പുതിയ ട്രെയിനുകൾ വാങ്ങാൻ തീരുമാനിച്ചതായും എസ്.എ.ആർ അറിയിച്ചു. 2028-നും 2031-നും ഇടയിൽ ഇവ ലഭ്യമാകും. സൗദി വിഷൻ 2030-ന്റെയും ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രത്തിന്റെയും ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹറമൈൻ റെയിൽവേ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസുകളിൽ ഒന്നാണ്. 453 കിലോമീറ്റർ നീളമുള്ള ഈ പാത ജിദ്ദ, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്നു. 2009-ൽ നിർമ്മാണം ആരംഭിച്ച് 2018 മുതലാണ് ഹറമൈൻ ട്രെയിൻ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങിയത്.



