അബഹ: ഉംറ നിർവഹിച്ചു മടങ്ങുകയായിരുന്ന പ്രവാസി കുടുംബം സൗദി അറേബ്യയിലെ അബഹക്ക് സമീപം വാഹനാപകടത്തിൽപ്പെട്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. സൗദിയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ബംഗ്ലാദേശ് സ്വദേശി മിസാനൂർ റഹ്മാൻ മിസാൻ (40), ഭാര്യ ഫർജാന അക്തർ സുമി (30), മക്കളായ മെഹർ അഫ്രോസ് (13), ഒന്നര വയസ്സുകാരി സുഭ അക്തർ എന്നിവരാണ് മരിച്ച കുടുംബാംഗങ്ങൾ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ എംഡി ജിലാനി ബാബറും (30) അപകടത്തിൽ മരണപെട്ടു.
ഫെബ്രുവരി മൂന്നിനാണ് മിസാനൂറും കുടുംബവും ഉംറ നിർവഹിക്കാനായി പോയത്. മടക്കയാത്രയ്ക്കിടെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിസാനൂറിന്റെ മറ്റൊരു മകൾ ഫൈസ അക്തർ (11) നിലവിൽ ജിദ്ദയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



