ജിദ്ദ: സംസ്ഥാനത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്ന പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നയിക്കുന്ന “പുതുയുഗ യാത്ര”ക്ക് ലഭിക്കുന്നതെന്ന് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആഷിഫ് ടി എം എസ് അഭിപ്രായപ്പെട്ടു. ജിദ്ദയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ മേഖലകളിൽ കേരളം പിന്നോട്ടുപോയ സാഹചര്യത്തിലാണ് ഈ യാത്ര സംഘടിപ്പിക്കപ്പെടുന്നതെന്നും, സംസ്ഥാനത്തെ വീണ്ടും വികസനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള പ്രതീക്ഷയാണ് ഇതിലൂടെ ജനങ്ങളിൽ ശക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഇത്തരം രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് പുതുജീവൻ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിന്റെ കൊലപാതകവും തുടർന്ന് കൃപേഷ്, ശരത്‌ലാൽ എന്നിവർ ഉൾപ്പെടെയുള്ള യുവ പ്രവർത്തകരുടെ നിഷ്ഠൂര കൊലപാതകങ്ങളും ജനമനസാക്ഷിയെ കുലുക്കിയ സംഭവങ്ങളായിരുന്നുവെന്നും, ഇത്തരം സംഭവങ്ങൾ ഇന്നും സമൂഹത്തിൽ വേദനയോടെ ഓർമിക്കപ്പെടുന്നുണ്ടെന്നും ആഷിഫ് ടി എം എസ് വ്യക്തമാക്കി. പൊതുജനം പിണറായി സർക്കാരിനോടുള്ള എതിർപ്പ് പ്രകടമാക്കിയത് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിലൂടെയാണ്. കൃപേഷ്, ശരത് ലാൽ വധിച്ചവരെ സി ബി ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ അതിനെതിരെ പൊതുഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ചാണ് പിണറായി കേസിനെ നേരിട്ടത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയും രാഷ്ട്രീയ സഹിഷ്ണുത ഉറപ്പാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ യു എം ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹം കേരളത്തിലെ ജനാധിപത്യവും വികസനവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെയും സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യങ്ങളെയും കുറിച്ച് പങ്കെടുത്തവർ ആശയവിനിമയം നടത്തി.
ഉസ്മാൻ പോത്തുകല്ല്, സക്കീർ ഹുസൈൻ വെട്ടത്തൂർ, ഷൗക്കത്ത് പുഴക്കാട്ടിരി, സി പി സൈദലവി, സൽമാൻ ചോക്കാട് എന്നിവർ സംസാരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവർ പ്രസംഗങ്ങളിൽ ഉന്നയിച്ചു. ഇ പി മുഹമ്മദാലി സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും രേഖപ്പെടുത്തി.



