17.1 C
Saudi Arabia
Monday, February 23, 2026
spot_img

സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയെ നാട്ടിലെത്തിച്ചു

ജുബൈൽ: സൗദി അറേബ്യയിൽ വാഹനാപകടത്തിൽപ്പെട്ട് നാല് മാസമായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കണ്ണൂർ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി അബ്ദുൽ സമദിനെ (55) വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു. ദമ്മാമിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സ്ട്രെച്ചറിന്റെ സഹായത്തോടെ കൊളംബോ വഴിയാണ് ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. യാത്രയിൽ സഹായിയായി ഒരു നഴ്‌സും കൂടെയുണ്ടായിരുന്നു. നാട്ടിലെത്തിയ ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഒക്ടോബറിൽ ഖഫ്ജിയിൽ നിന്ന് മടങ്ങുന്നതിനിടെ അബൂ ഹൈദരിയ റോഡിലുണ്ടായ അപകടത്തിലാണ് സമദിന് ഗുരുതരമായി പരിക്കേറ്റത്. ജുബൈൽ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചുമാറ്റേണ്ടതായും വന്നു. 15 വർഷം മുമ്പ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ സമദ്, കഴിഞ്ഞ ഏഴു വർഷമായി ഇഖാമയോ ഇൻഷുറൻസോ ഇല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ഹുറൂബിലും നിയമക്കുരുക്കിലും അകപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഭീമമായ തുകയാണ് ചെലവായത്. സുമനസ്സുകളുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിനൊടുവിലാണ് യാത്രാരേഖകൾ ശരിയായത്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാ ചെലവുകൾ പൂർണമായും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. സങ്കീർണമായ നിയമക്കുരുക്കുകൾ പരിഹരിക്കാൻ സഹായിച്ച ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അബ്ദുൽ സമദും കുടുംബവും നന്ദി രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles