ജുബൈൽ: വിശുദ്ധ ഖുർആൻ വിഭാവന ചെയ്യുന്ന ഉന്നതമായ ആശയങ്ങളെയും മൂല്യങ്ങളെയും ആസ്പദമാക്കി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി ജുബൈൽ റീജ്യൻ ‘ഖുർആൻ ലീഡർ’ സംഗമം സംഘടിപ്പിച്ചു. ആശയങ്ങളുടെ കലവറയായ ഖുർആൻ ഓരോ വാക്കിലും അത്ഭുതങ്ങളുടെ പ്രപഞ്ചമാണ് തീർക്കുന്നതെന്നും, സമാനതകളില്ലാത്ത ആവിഷ്കാരശൈലിയും ബൗദ്ധികമായ ഉൾക്കാഴ്ചകളും ഖുർആന്റെ സവിശേഷതയാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

നീതിയുടെ സംസ്ഥാപനവും മാനവികമായ ഐക്യവുമാണ് വിശുദ്ധ ഖുർആന്റെ പ്രധാന പ്രമേയങ്ങൾ. വ്യക്തിയും സമൂഹവും രാഷ്ട്രവും അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഖുർആനിക അധ്യാപനങ്ങളിലൂടെ സാധിക്കും. സമ്പൂർണ്ണമായ ഒരു ജീവിത പദ്ധതി എന്ന നിലയിൽ ഖുർആനെ മാതൃകയാക്കി ജീവിക്കണമെന്ന സംഗമ ആഹ്വാനം ചെയ്തു.
ഇഫ്താറോട് കൂടി നടന്ന സംഗമം, ഐ സി എഫ് ഈസ്റ്റ് ചാപ്റ്റർ സിക്രട്ടറി ശരീഫ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. റീജ്യൻ പ്രസിഡന്റ് ജബ്ബാർ ആലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമർ സഖാഫി മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. സഫയർ മുഹമ്മദ്, ബൈജു അഞ്ചൽ, അബ്ദുറഊഫ്, ഷാനവാസ് കെ.യു, ശിഹാബ് മങ്ങാടൻ, റിയാസ് ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷഹീർഷാ സ്വാഗതവും ജാഫർ കൊടിഞ്ഞി നന്ദിയും രേഖപ്പെടുത്തി.



