കോഴിക്കോട്; ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 2026 വേൾഡ് പാരാ സ്വിമ്മിംഗ് സീരീസിൽ ചരിത്രനേട്ടം കുറിച്ച് മലയാളി താരം ആസിം വെളിമണ്ണ. മിക്സഡ് 4×50 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണ്ണമെഡൽ നേടിയാണ് ആസിം ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായി മാറിയത്.
അന്താരാഷ്ട്ര തലത്തിൽ ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണമെഡലാണിത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.
ജന്മനാ ഇരു കൈകളുമില്ലാത്തതും കാലുകൾക്ക് ചലനപരിമിതിയുമുള്ള 90 ശതമാനം ശാരീരിക വെല്ലുവിളികളെയും തന്റെ അസാമാന്യമായ ഇച്ഛാശക്തി കൊണ്ട് മറികടന്നാണ് ആസിം ഈ നേട്ടത്തിലെത്തിയത്.
നേരത്തെ ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പുകളിൽ ഒന്നിലധികം സ്വർണ്ണമെഡലുകൾ നേടി ആസിം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ഫെബ്രുവരി 20 മുതൽ 22 വരെ നടന്ന ഈ ടൂർണമെന്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളോടാണ് ആസിം ഏറ്റുമുട്ടിയത്.
തന്റെ സ്വപ്നയാത്രയിൽ തുണയായവർക്ക് സ്വർണ്ണത്തിളക്കത്തോടെ ആസിം നന്ദി അറിയിച്ചു. ഓസ്‌ട്രേലിയയിൽ പോയി മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തികമായും മാനസികമായും സഹായിച്ച സ്പോൺസർമാർക്കും മറ്റ് സുഹൃത്തുക്കൾക്കും ഈ വിജയം സമർപ്പിക്കുന്നതായി ആസിം പറഞ്ഞു. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിം, തന്റെ പരിമിതികളെ അതിജീവിച്ച് നീന്തൽക്കുളത്തിൽ വിസ്മയം തീർക്കുന്നത് വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.



