മക്ക: 2026-ലെ (ഹിജ്‌റ 1447) ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സൗദി അറേബ്യക്കകത്തുള്ള സ്വദേശികൾക്കും പ്രവാസികൾക്കുമായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. റമദാൻ 6 (ഫെബ്രുവരി 23) തിങ്കളാഴ്ച മുതലാണ് രജിസ്‌ട്രേഷൻ വിൻഡോ തുറന്നത്. ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനും ബുക്കിംഗ് പൂർത്തിയാക്കുന്നതിനുമുള്ള സൗകര്യം റമദാൻ 15 (മാർച്ച് 4) മുതൽ ലഭ്യമാകും. സൗദി പൗരന്മാർക്കും സാധുവായ ഇഖാമയുള്ള പ്രവാസികൾക്കും ‘നുസുക്’ (Nusuk) ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക വെബ്സൈറ്റ് (nusuk.sa) വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഈ ഘട്ടത്തിൽ ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്കായിരിക്കും മുൻഗണന നൽകുന്നത്. ശവ്വാൽ മാസം അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ മുൻഗണനാ കാലയളവിനുശേഷം സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ മാത്രമേ നേരത്തെ ഹജ്ജ് ചെയ്തവരെ പരിഗണിക്കുകയുള്ളൂ. അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടാകണമെന്നും മന്ത്രാലയം നിഷ്‌കർഷിച്ച ആരോഗ്യ നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രവാസികൾക്ക് ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കണം.
അംഗീകൃത കമ്പനികൾ നൽകുന്ന പാക്കേജുകൾ തെരഞ്ഞെടുക്കാനും ഫീസ് അടക്കാനും നുസുക് പ്ലാറ്റ്‌ഫോം മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തി അക്കൗണ്ട് സൃഷ്ടിച്ച ശേഷം അർഹത പരിശോധിച്ച് സദാദ് (SADAD) സിസ്റ്റം വഴി ഫീസ് അടക്കുന്നതോടെ ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ലഭിക്കും. തട്ടിപ്പുകൾ ഒഴിവാക്കാൻ മന്ത്രാലയം നേരിട്ട് അംഗീകരിച്ചിട്ടുള്ള ലൈസൻസുള്ള സ്ഥാപനങ്ങൾ വഴി മാത്രം കരാറുകളിൽ ഏർപ്പെടണമെന്നും അധികൃതർ തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി.



