21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

റെക്കോർഡ് നിയമനിർമാണവും അപൂർവ്വ നയപ്രഖ്യാപനവും; പതിനഞ്ചാം കേരള നിയമസഭ ചരിത്രത്തിലിടം നേടി പിരിഞ്ഞു

തിരുവനന്തപുരം: നിയമനിർമാണത്തിലും സഭാ നടപടികളിലും ശ്രദ്ധേയമായ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടാണ് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിച്ചത്. 2021 മെയ് മൂന്നിന് നിലവിൽ വന്ന ഈ സഭ ആകെ 204 ദിവസങ്ങളിലായി 1192 മണിക്കൂർ സമ്മേളിച്ചു. ഈ കാലയളവിൽ അവതരിപ്പിക്കപ്പെട്ട 195 ബില്ലുകളിൽ 168 എണ്ണവും പാസാക്കി എന്നത് നിയമനിർമാണ ചരിത്രത്തിലെ വലിയ നേട്ടമാണ്. ആരോഗ്യരക്ഷാ ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തുടങ്ങിയ സുപ്രധാന നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സഭ നിയന്ത്രിക്കുന്നതിനുള്ള ചെയർപേഴ്‌സൺമാരുടെ പാനലിൽ വനിതകളെ മാത്രം ഉൾപ്പെടുത്തിയത് ഈ സഭയുടെ വിപ്ലവകരമായ തീരുമാനങ്ങളിലൊന്നായിരുന്നു. 18 അടിയന്തര പ്രമേയ നോട്ടീസുകളിൽ സഭ നിർത്തിവെച്ച് ചർച്ച നടത്തിയതും ഈ കാലയളവിനെ ശ്രദ്ധേയമാക്കി.

സഭയുടെ കാലാവധി പൂർത്തിയാകുമ്പോൾ എട്ട് അംഗങ്ങളുടെ അസാന്നിധ്യം പ്രകടമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.ടി. തോമസ്, വാഴൂർ സോമൻ, കാനത്തിൽ ജമീല എന്നിവരുടെ വിയോഗവും കെ. രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, പി.വി. അൻവർ എന്നിവരുടെ രാജിയും ആന്റണി രാജുവിന്റെ അയോഗ്യതയും സഭയിലെ അംഗസംഖ്യയിൽ മാറ്റമുണ്ടാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെറും ഒന്നര മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചതും ഈ സഭയുടെ ചരിത്രത്തിലെ വേറിട്ട സംഭവമായി. സഭയുടെ അവസാന ഘട്ടത്തിൽ സ്പീക്കറായി എ.എൻ. ഷംസീറാണ് സഭയെ നയിച്ചത്. ചോദിച്ച ചോദ്യങ്ങളിൽ നക്ഷത്രചിഹ്നമിടാത്ത 2992 എണ്ണത്തിന് മറുപടി ലഭിക്കാനുണ്ടെങ്കിലും, അടിയന്തര ചോദ്യങ്ങൾക്കും നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്കും പൂർണ്ണമായി മറുപടി നൽകാൻ സർക്കാരിന് സാധിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles