ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. കാലാതീതമായി വായനക്കാരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന എം.ടിയുടെ ജനപ്രിയ നോവൽ ‘മഞ്ഞ്’, 2025ലെ വയലാർ അവാർഡ് നേടിയ ഇ സന്തോഷ് കുമാറിന്റെ കൃതി ‘തപോമയിയുടെ അച്ഛൻ’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്യപ്പെട്ടത്.
മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി അലവി ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷനും എഴുത്തുകാരനുമായ മാലിക് മഖ്ബൂൽ മഞ്ഞും, ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക ഗായത്രി ബിജു തപോമയിയുടെ അച്ഛനും അവതരിപ്പിച്ചു.
മഞ്ഞുപോൽ മരവിപ്പുളവാക്കുന്ന കാത്തിരിപ്പാണ് മഞ്ഞിലുടനീളം. സ്ഥലവും കാലവും കാലവസ്ഥയുമെല്ലാം കഥാപാത്രങ്ങളായി മാറുന്ന ഒരു ഗദ്യകവിത പോലെ ഹൃദ്യമാണിത്. നൈനിറ്റാളിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പ്രണയത്തിനും വിരഹത്തിനുമൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചു കാണിക്കുന്ന ഒരു ഭാവകാവ്യം പോലെ മനോഹരമായ കൃതിയാണ് മഞ്ഞ്. പ്രതീക്ഷാനിർഭരമായ കാത്തിരിപ്പുകൾക്ക് പോലും സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു തരുന്നുണ്ട് എം.ടിയുടെ വേറിട്ട രചനയായ മഞ്ഞെന്നും മാലിക് മഖ്ബൂൽ പറഞ്ഞു.
ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളിലലിഞ്ഞു ചേർന്നു നിൽക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മികച്ച നോവലാണ് താപോമയിയുടെ അച്ഛൻ. അഭയാർത്ഥികൾക്കായ് “ഷെൽറ്റർ” എന്ന സംഘടനയുമായി ഇറങ്ങിതിരിച്ച തപോമയി ബറുവ എന്ന ചെറുപ്പക്കാരൻ്റെയും അയാളുടെ അച്ഛൻ ഗോപാൽ ബറുവയുടെയും കഥപറയുന്ന ഈ നോവൽ, മേൽവിലാസം നഷ്ടപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും നോവിന്റെയും നേർക്കാഴ്ച്ച കൂടിയാണെന്നു തന്നെ പറയാം. മനുഷ്യ ജീവിതത്തിലേ തീവ്രവ്യഥകളെയും, ആത്മബന്ധങ്ങളെയും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്ന, അതുവഴി ഒരു ഗൂഢലിപിയുടെ ഉൾക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ എത്തിക്കുന്ന രചനയുടെ ഇന്ദ്രജാലമാണ് തപോമയിയുടെ അച്ഛനിൽ ഉള്ളതെന്ന് ഗായത്രി ബിജു പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു. ആബിദ് അടിവാരം, ഷാജി മതിലകം, ഷബീർ ചാത്തമംഗലം, ഷബ്‌ന നജീബ്, അനിൽ റഹീമ, മുസ്തഫ കണ്ണൂർ, ലുഖ്മാൻ വിളത്തൂർ, നജ്മുസമാൻ നിലമ്പൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. റഹൂഫ് ചാവക്കാട് മോഡറേറ്റർ ആയിരുന്നു. സൗദി മലയാളി സമാജം ഭാരവാഹികൾ പരിപാടിയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ലീനാ ഉണ്ണികൃഷ്ണൻ സ്വാഗതവും നജ്മുസമാൻ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.



