മദീന: വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ പത്ത് ദിനങ്ങളിൽ മദീനയിലെ പ്രവാചക മസ്ജിദിൽ (മസ്ജിദുന്നബവി) വിതരണം ചെയ്തത് 29 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണപ്പൊതികൾ. തീർത്ഥാടകർക്കും സന്ദർശകർക്കുമായി അത്യാധുനിക സംവിധാനങ്ങളോടെയാണ് ഇഫ്താർ വിരുന്നുകൾ ഒരുക്കിയിരിക്കുന്നത്. പ്രതിദിനം ശരാശരി മൂന്ന് ലക്ഷത്തോളം പേരാണ് പ്രവാചക മസ്ജിദിലെ ഇഫ്താർ വിരുന്നുകളിൽ പങ്കുചേരുന്നത്. മസ്ജിദിനകത്തും പുറത്തെ മുറ്റങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്ന വിപുലമായ സംവിധാനങ്ങൾ വഴി വളരെ വേഗത്തിലും വൃത്തിയായും ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഹറമൈൻ കാര്യാലയം അറിയിച്ചു.
ഈ വർഷം റമദാനിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദർശകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി അയ്യായിരത്തിലധികം തൊഴിലാളികളെയും വൊളന്റിയർമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഈന്തപ്പഴം, വെള്ളം, തൈര്, റൊട്ടി എന്നിവയുൾപ്പെട്ട വിഭവങ്ങളാണ് പ്രധാനമായും ഇഫ്താറിന് നൽകുന്നത്. ഭക്ഷണ വിതരണത്തിൽ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. റമദാൻ മാസത്തിന്റെ ബാക്കി ദിവസങ്ങളിലും സന്ദർശകരുടെ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിപുലമായ തയ്യാറെടുപ്പുകളാണ് മദീനയിൽ പൂർത്തിയാക്കിയിരിക്കുന്നത്.



