ന്യൂയോർക്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും കൃഷി താവളങ്ങളും വേഗത്തിൽ നിയമവിധേയമാക്കാനും പുതിയവ സ്ഥാപിക്കാനുമുള്ള ഇസ്രായേൽ തീരുമാനത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. ഫലസ്തീൻ ഭൂമിയിലെ ഇസ്രായേലിന്റെ ഏത് തരത്തിലുള്ള കുടിയേറ്റ വ്യാപിപനത്തിനും യാതൊരുവിധ നിയമസാധുതയുമില്ലെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനമാണെന്നും ആന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും നടത്തുന്ന ആക്രമണങ്ങളും അക്രമ സംഭവങ്ങളും അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇസ്രായേൽ സർക്കാരിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. മേഖലയിൽ രണ്ട് സ്വതന്ത്ര രാജ്യങ്ങൾ രൂപീകരിച്ച് പ്രശ്നപരിഹാരം കണ്ടെത്തുന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തിന്’ ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങൾ വലിയ തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള അഗ്രികൾച്ചറൽ ഔട്ട്പോസ്റ്റുകൾക്ക് (ഫാം താവളങ്ങൾ) അംഗീകാരം നൽകുന്നതും പുതിയവ സ്ഥാപിക്കുന്നതും വേഗത്തിലാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എൻ മേധാവിയുടെ ശക്തമായ പ്രതികരണം വന്നത്. ഇസ്രായേൽ നിയമപ്രകാരം പോലും അനുമതിയില്ലാതെ നിർമ്മിക്കുന്നവയാണ് ഇത്തരം ഔട്ട്പോസ്റ്റുകൾ.അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ ഒമ്പതുകാരനായ ഒരു കുട്ടിയുൾപ്പെടെ എട്ട് ഫലസ്തീനികളും രണ്ട് ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലി കുടിയേറ്റ സംഘങ്ങൾ ഫലസ്തീനികളുടെ വീടുകളും പള്ളികളും കൃഷിയിടങ്ങളും തീയിട്ട് നശിപ്പിക്കുകയും നിരവധിയാളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര നീതിപീഠത്തിന്റെ (ICJ) 2024-ലെ നിർദ്ദേശ പ്രകാരം കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ മുഴുവൻ ഇസ്രായേലി കുടിയേറ്റങ്ങളും നിയമവിരുദ്ധമാണ്. മേഖലയിൽ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.



