റിയാദ്: സൗദി അറേബ്യക്ക് നേരെയുള്ള ഇറാൻ്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ സംയുക്ത നടപടികൾ സ്വീകരിക്കാൻ സൗദി അറേബ്യയും പാകിസ്താനും തീരുമാനിച്ചു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറും റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനമെടുത്തത്. മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത തന്ത്രപരമായ പ്രതിരോധ കരാറിൻ്റെ അടിസ്ഥാനത്തിൽ ഇറാൻ്റെ ആക്രമണങ്ങളെ ചെറുക്കാനുള്ള വഴികൾ ചർച്ച ചെയ്തു.
സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പാകിസ്താൻ്റെ പൂർണ്ണ പിന്തുണ ജനറൽ അസിം മുനീർ വാഗ്ദാനം ചെയ്തു. ഇറാൻ്റെ ഭാഗത്ത് നിന്നുള്ള ഇത്തരം സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാനത്തെ തകർക്കുമെന്നും ഇറാൻ്റെ ഭാഗത്ത് നിന്ന് വിവേകപൂർണ്ണമായ നിലപാട് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് സൗദിയിലെ തന്ത്രപ്രധാനമായ എണ്ണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യം വെക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉന്നതതല കൂടിക്കാഴ്ച നടന്നത്.
മേഖലയിലെ മാറുന്ന സൈനിക സാഹചര്യങ്ങളിൽ പാകിസ്താൻ്റെ സൈനിക സഹകരണം സൗദി അറേബ്യയ്ക്ക് വലിയ കരുത്താണ്. നേരത്തെ സൗദിക്ക് നേരെ നടന്ന മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ സൗദി സേന വിജയിച്ചിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങൾ മേഖലയിലുടനീളം യുദ്ധഭീതി വർധിപ്പിക്കുന്ന സാഹചര്യത്തിൽ, സൗദിയും പാകിസ്താനും തമ്മിലുള്ള ഈ പ്രതിരോധ കൂട്ടുകെട്ട് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിക്കുന്നു.



