മദീന: മദീനയിലെ മസ്ജിദു നബവിയ്യയിലെ റൗള ഷെരീഫിനുള്ളിൽ ആരാധകർക്ക് ഇനി 10 മിനിറ്റ് മാത്രമേ ചെലവഴിക്കാൻ അനുവാദമുള്ളൂ. നേരത്തെ അര മണിക്കൂറായിരുന്നു അനുവദിച്ചിരുന്നത്. റൗള സന്ദർശനം വർഷത്തിൽ ഒരിക്കൽ മാത്രമാക്കി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. ഇരു ഹറമുകളുടെ പരിപാലന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ജനറൽ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇത് വ്യക്തമാക്കിയത്.
സന്ദർശന അനുമതി ലഭിച്ചയാൾക്ക് നിശ്ചിത സമയത്ത്, റൗള സന്ദർശിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റുള്ളവർക്ക് അവസരം നൽകുന്നതിന് അയാൾ പെർമിറ്റ് നേരത്തെ തന്നെ റദ്ദാക്കണമെന്ന് അതോറിറ്റി പ്രത്യേകം ആവശ്യപ്പെട്ടു. പെർമിറ്റ് റദ്ദാക്കാത്ത സാഹചര്യത്തിൽ, ഒരു വർഷം തികയുമ്പോൾ മാത്രമേ അദ്ദേഹത്തിന് വീണ്ടും സന്ദർശനത്തിന് അനുമതി ലഭിക്കുകയുള്ളൂ.
നുസുക് ആപ്പ് മുഖേന അനുമതിക്ക് അപേക്ഷിക്കുന്നവർ റൗള ഷെരീഫിനുള്ളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കണിശമായും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപെട്ടു. റൗളയിൽ ചെലവഴിക്കാൻ അനുമതി നൽകിയ സമയം 10 മിനിറ്റാണ്. പെർമിറ്റ് ബുക്കുചെയ്യുമ്പോൾ തന്നെ സമയം സ്ഥിരീകരിക്കേണ്ടതും അനുവദിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് വരേണ്ടതുമാണ്. അനുമതി ലഭിച്ച സമയത്തിന് അര മണിക്കൂർ മുമ്പ് ഹറം പരിസരത്ത് പെർമിറ്റ് ഉടമയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും അതോറിറ്റി നിഷ്കർശിച്ചു.
സന്ദർശനനുമതിക്കായി ബാർകോഡ് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിർദ്ദിഷ്‌ട സമയത്ത് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതും ഗേറ്റിൽ പ്രവേശിക്കുമ്പോൾ ബാർകോഡ് നിർബന്ധമായും കാണിക്കേണ്ടതുമാണ് . അല്ലാതെ പ്രവേശനം അനുവദിക്കുന്നതല്ലെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കി.



