17.5 C
Saudi Arabia
Sunday, March 8, 2026
spot_img

യുഎസിന് കനത്ത തിരിച്ചടി; 300 മില്യൺ ഡോളറിന്റെ ‘ഥാഡ്’ റഡാർ ഇറാൻ തകർത്തുവെന്ന് സ്ഥിരീകരണം

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ ‘ഥാഡ്’ (THAAD) ഇറാന്റെ ആക്രമണത്തിൽ തകർന്നതായി യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോർഡനിലെ മുവഫഖ് സൽതി എയർബേസിൽ വിന്യസിച്ചിരുന്ന, 300 മില്യൺ ഡോളർ (ഏകദേശം 2500 കോടി രൂപ) വിലമതിക്കുന്ന റഡാർ സംവിധാനമാണ് തകർക്കപ്പെട്ടത്. ഫെബ്രുവരി 28-ന് നടന്ന ഇറാന്റെ പ്രത്യാക്രമണത്തിലാണ് ഈ നിർണ്ണായക പാളിച്ച സംഭവിച്ചതെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് അമേരിക്ക ഇക്കാര്യം സമ്മതിക്കുന്നത്. ഗൾഫ് മേഖലയിലെ യുഎസ് മിസൈൽ പ്രതിരോധ ശൃംഖലയുടെ നട്ടെല്ലായിരുന്ന ഈ റഡാർ തകർന്നത് മേഖലയിലെ സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഫെബ്രുവരി 28-നും മാർച്ച് മൂന്നിനും ജോർഡനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഇതിലൊന്നിൽ അമേരിക്കയ്ക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 2008-ൽ വികസിപ്പിച്ചെടുത്ത ‘ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്’ അഥവാ ഥാഡ്, ശത്രു മിസൈലുകളെ അന്തരീക്ഷത്തിന് മുകളിൽ വെച്ച് തകർക്കാൻ ശേഷിയുള്ളതാണ്. ഇസ്രായേൽ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ വിന്യസിച്ചിട്ടുള്ള ഈ സംവിധാനം തകർന്നത് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ശേഷി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ ആഘാതത്തിന് പിന്നാലെ ഇസ്രായേലിന് 1395 കോടി രൂപയുടെ (15.18 കോടി ഡോളർ) ആയുധങ്ങൾ അടിയന്തരമായി കൈമാറാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. യുഎസ് കോൺഗ്രസിന്റെ അനുമതി കാത്തുനിൽക്കാതെ ‘ദേശീയ സുരക്ഷാ താൽപ്പര്യം’ മുൻനിർത്തിയാണ് ഈ അടിയന്തര നീക്കം. 470 കിലോഗ്രാം ഭാരമുള്ള ബോംബുകളും അനുബന്ധ സാങ്കേതിക സഹായങ്ങളുമാണ് ഇസ്രായേലിന് നൽകുന്നത്. യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ അമേരിക്കയിലെ ആയുധ നിർമ്മാണ കമ്പനികൾ ഉല്പാദനം നാലിരട്ടിയായി വർധിപ്പിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഭീഷണികളെ നേരിടാൻ പുതിയ ആയുധശേഖരം ഇസ്രായേലിനെ സഹായിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രതീക്ഷ.

Related Articles

- Advertisement -spot_img

Latest Articles