തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്.ഐ.ആർ) പിന്നാലെ വോട്ടർപട്ടികയിൽ 1,58,212 പേർ കൂടി പുതുതായി ഉൾപ്പെട്ടു. ഇതോടെ കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആയി ഉയർന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 2,69,53,644 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് പട്ടിക ഇപ്പോൾ പുതുക്കിയിരിക്കുന്നത്. നിലവിൽ 2,70,57,814 ജനറൽ വോട്ടർമാരും 54,042 സർവീസ് വോട്ടർമാരുമാണ് പട്ടികയിലുള്ളത്.
പുതിയതായി ഉൾപ്പെട്ടവരെ അനുബന്ധ പട്ടികയിലാണ് ഉൾപ്പെടുത്തുക. കൂടാതെ, 62,401 പൊതു അപേക്ഷകളും 11,208 പ്രവാസികളുടെ അപേക്ഷകളും കൂടി വരും ദിവസങ്ങളിൽ പരിഗണിക്കാനിരിക്കെ വോട്ടർമാരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 ഒക്ടോബറിൽ വോട്ടർപട്ടിക പരിഷ്‌കരണം ആരംഭിക്കുമ്പോൾ 2.78 കോടി വോട്ടർമാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്.



