വാഷിംഗ്ടൺ: ഗൾഫ് മേഖലയിൽ യുഎസ് സൈനിക വിന്യാസം അതിവേഗം വർധിപ്പിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ കാലം നീണ്ടുനിന്നേക്കുമെന്ന് ഉറപ്പായി. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പലിൽ 2,500 മറീൻ സൈനികരാണ് മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടത്. കരയിലും കടലിലും ഒരുപോലെ പോരാടാൻ വൈദഗ്ധ്യമുള്ള ഈ മറീനുകളെ ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം’ എന്നാണ് സൈനിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായും, പ്രകോപനം തുടർന്നാൽ അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പേർഷ്യൻ ഗൾഫിലെ ഈ ചെറിയ ദ്വീപിന് നേരെ ആക്രമണം തുടരുന്നത് ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റത്തിനും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.



