19.9 C
Saudi Arabia
Tuesday, March 17, 2026
spot_img

ബിജെപി പണം നോക്കി സീറ്റ് നൽകുന്നു; എൻഡിഎയിൽ പൊട്ടിത്തെറിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎ മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. പണം നോക്കി സീറ്റ് വിതരണം ചെയ്യുന്ന പാർട്ടിയായി ബിജെപി അധപതിച്ചുവെന്നും ഇത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ആധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കീഴിലുള്ളവരും ഈ ഗ്രൂപ്പിന്റെ വക്താക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണിയിലെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും സാധാരണക്കാരെ തഴയുന്ന ഈ രാഷ്ട്രീയ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി വിട്ടുപോകില്ലെന്ന് വ്യക്തമാക്കുമ്പോഴും ബിജെപിയുടെ സമീപനത്തിൽ അദ്ദേഹം വലിയ അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് മുന്നൂറോളം സീറ്റുകൾ നൽകിയിട്ടും അവർ പരാജയപ്പെട്ടപ്പോൾ, കാമരാജ് കോൺഗ്രസിന് നൽകിയ നാല് സീറ്റിൽ ഒന്ന് വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഘടകകക്ഷികൾക്ക് വോട്ട് നൽകാനുള്ള ബിജെപിയുടെ വൈമനസ്യം മാറണമെന്നും അർഹമായ പ്രാധാന്യം നൽകാത്തതിലാണ് തനിക്ക് പരാതിയെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി. നേരത്തെ യുഡിഎഫുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ താൻ എന്നും ഒരു സ്വയം സേവകൻ തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് വേളയിലെ ഈ തുറന്നുപറച്ചിൽ എൻഡിഎ ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles