ആലപ്പുഴ : കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ യു.ഡി.എഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര ഇടപെടൽ നടത്തി. വിഷയത്തിൽ ഉടനടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇർഷാദാണ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു വിവാദ പരാമർശം
പ്രതിഭയുടെ ശാരീരിക സൗന്ദര്യത്തെയും പ്രസംഗ ശൈലിയെയും അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവനക്കെതിരെ യു. പ്രതിഭയും മഹിളാ അസോസിയേഷനും തിരഞ്ഞെടുപ്പ് കംമീഷനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ എ. ഇർഷാദിനെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യുകയും യു.ഡി.എഫ് ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് യു. പ്രതിഭ പ്രതികരിച്ചു. വൈകാരികമായാണ് തനിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ അവർ വാർത്താസമ്മേളനത്തിൽ നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രസ്താവനയെ അപലപിച്ചു. ഉന്നത കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇർഷാദ് ഇത്തരത്തിൽ സംസാരിച്ചതെന്നും ആരും അത് തിരുത്താൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.



