24.2 C
Saudi Arabia
Sunday, March 29, 2026
spot_img

ഹോർമുസ് കടലിടുക്കിലൂടെ പാക് കപ്പലുകൾക്ക് ഇറാൻ്റെ അനുമതി; യുഎസ് സൈനിക വിന്യാസം ശക്തമാക്കുന്നു

ലാഹോർ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പാകിസ്ഥാൻ്റെ പതാക വഹിക്കുന്ന 20 കപ്പലുകൾക്ക് കൂടി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ ശനിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ദിവസവും രണ്ട് കപ്പലുകൾ വീതം കടലിടുക്ക് കടക്കുമെന്നും ഈ നടപടി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള അനുനയ ചർച്ചകളിൽ പാകിസ്ഥാൻ സജീവമായി മധ്യസ്ഥത വഹിക്കുന്നതിനിടയിലാണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലേക്കുള്ള കപ്പലുകളെ കടത്തിവിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് കർശന വിലക്ക് തുടരുകയാണ്.

അതേസമയം, മേഖലയിലെ സൈനിക സാന്നിധ്യം അമേരിക്ക വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. 3,500 സൈനികരെ കൂടി പുതുതായി വിന്യസിച്ചതിന് പിന്നാലെ യുഎസ് പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളി 2,500-ഓളം മറൈനുകളുമായി മേഖലയിൽ എത്തിക്കഴിഞ്ഞു. ഇറാനിൽ വരും ആഴ്ചകളിൽ കരസേനാ നീക്കങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് ഈ വിന്യാസമെന്ന് പെൻ്റഗൺ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പതിനായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ വാഷിംഗ്ടൺ ആലോചിക്കുന്നുണ്ടെങ്കിലും, ഇറാനിലേക്ക് നേരിട്ടുള്ള കരയാക്രമണത്തിന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അന്തിമ അനുമതി നൽകുമോ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകുന്നതിൻ്റെ ഭാഗമായി ഇറാനിലെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് ട്രംപ് താൽക്കാലികമായി പത്ത് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

അമേരിക്കയുടെ സൈനിക വിന്യാസത്തിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. ഇറാൻ്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മാത്രമേ മടങ്ങുകയുള്ളൂ എന്ന് ഇറാൻ മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകി. പ്രമുഖ ഇറാനിയൻ ദിനപത്രമായ ‘തെഹ്‌റാൻ ടൈംസ്’ ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെയാണ് അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ വാർത്ത നൽകിയത്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ, അവിടെ മൈനുകൾ വിന്യസിച്ചും കൂടുതൽ സൈനികരെ എത്തിച്ചും പ്രതിരോധം തീർക്കാനാണ് ടെഹ്‌റാൻ്റെ നീക്കം. യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകം അതീവ ആശങ്കയോടെയാണ് പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളെയും നോക്കിക്കാണുന്നത്..

 

Related Articles

- Advertisement -spot_img

Latest Articles