കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന വൻ ലഹരിമരുന്ന് വേട്ടയിൽ യുവതികൾ ഉൾപ്പെടെ എട്ടുപേരെ പോലീസ് പിടികൂടി. കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ കൊക്കെയ്ൻ, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരിമരുന്നുകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. ഹോട്ടലിൽ സ്ഥിരമായി മുറിയെടുത്ത് സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നഗരത്തിലെ ഉന്നത പ്രൊഫഷണലുകളും വിദ്യാർത്ഥികളും ലഹരിമരുന്ന് സംഘത്തിന്റെ വലയിലാകുന്നത് ആശങ്കയോടെയാണ് അധികൃതർ കാണുന്നത്.
പിടിയിലായവരിൽ ഭൂരിഭാഗവും ഉയർന്ന സാമൂഹിക പശ്ചാത്തലമുള്ളവരും പ്രൊഫഷണലുകളുമാണ്. തിരുവനന്തപുരം സ്വദേശിയായ ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ ഷാജി ഫെർണാണ്ടോ (ഷോൺ- 44), കലൂർ സ്വദേശിയായ റെസ്റ്റോറന്റ് നടത്തിപ്പുകാരൻ ഓസ്റ്റിൻ ജോസ് (31), അഭിഭാഷകനായ രോഹിത് നായർ (25), ആലുവ സ്വദേശിയായ ബിസിനസുകാരൻ ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷൻ അക്ബർ ഷാ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം പന്തളം സ്വദേശിനിയായ ദന്തഡോക്ടർ ബെൻസി റാവുത്തർ (29), കൊല്ലം സ്വദേശിനിയും ഫിസിയോ തെറാപ്പിസ്റ്റുമായ സെയ്തലി ഫാത്തിമ (29), കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ് (26) എന്നിവരും പിടിയിലായിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



