29.1 C
Saudi Arabia
Sunday, March 29, 2026
spot_img

ഇസ്രായേലിൽ ആഭ്യന്തര കലഹം രൂക്ഷം; ഇറാൻ യുദ്ധത്തിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങൾ

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേലിനുള്ളിൽ ഭരണകൂടത്തിനെതിരെയുള്ള ജനരോഷം ആഞ്ഞടിക്കുന്നു. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച രാത്രി പതിനായിരക്കണക്കിന് ആളുകളാണ് ടെൽ അവീവിലെ തെരുവുകളിൽ പ്രതിഷേധവുമായെത്തിയത്. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധം രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും തകർക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

“ഇനിയൊരു യുദ്ധം വേണ്ട”, “സമാധാനമാണ് രാജ്യത്തിന് ആവശ്യം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ റാലി നടത്തിയത്. ടെൽ അവീവിലെ പ്രധാന പാതയായ കപ്ലാൻ സ്ട്രീറ്റിൽ പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തിയതോടെ പോലീസുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കുതിരപ്പടയെയും ഉപയോഗിച്ചു. പോലീസുമായുള്ള സംഘർഷത്തിൽ നിരവധി പ്രതിഷേധക്കാർക്കും ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ രാഷ്ട്രീയ ലാഭത്തിനായി യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് പ്രതിപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നുണ്ട്. തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ കാരണം ജനങ്ങൾ നിരന്തരം ബങ്കറുകളിൽ കഴിയേണ്ടി വരുന്നതും രാജ്യത്തെ വ്യവസായങ്ങൾ സ്തംഭിച്ചതും ജനങ്ങളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. യുദ്ധം തുടരുന്നത് ഇസ്രായേലിനെ ആഗോളതലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും ഭാവിയിൽ വലിയ സുരക്ഷാ ഭീഷണികൾക്ക് കാരണമാകുമെന്നും പ്രതിഷേധക്കാർ ഭയപ്പെടുന്നു.

ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കെ, രാജ്യത്തിനകത്തുനിന്നുള്ള ഈ വൻ ജനകീയ പ്രതിഷേധം ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles