26.4 C
Saudi Arabia
Wednesday, April 1, 2026
spot_img

മൊബൈൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; ആറ് പേർ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് കമ്പനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അസം സ്വദേശികളായ ആറംഗ സംഘമാണ് യുവാവിനെ പിടികൂടി പ്ലൈവുഡ് കമ്പനിയിലെ ‘കോർ’ (തടി കഷണങ്ങൾ) ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രിയാണ് അക്രമാസക്തരായ തൊഴിലാളികൾ യുവാവിനെ പിടികൂടി മർദ്ദനം തുടങ്ങിയത്. മുഖത്തും വയറിലും കൈകാലുകളിലും മാരകമായി പരിക്കേറ്റ ഇയാളുടെ പല്ലുകൾ പലതും അടിയേറ്റ് ഒടിഞ്ഞുപോയിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് കരുതപ്പെടുന്നത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരെ പെരുമ്പാവൂർ പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. പ്രതികളിൽ മൂന്ന് പേർ സഹോദരങ്ങളാണെന്നാണ് പോലീസ് നൽകുന്ന സൂചന.

കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles