കോഴിക്കോട് :രാമനാട്ടുകരയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്ന് വിറ്റുകിട്ടിയ 22,800 രൂപയുമായി ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ പുത്തലത്ത് വീട്ടിൽ ഷാഹിദ് ഹുസൈൻ (29), മണലേപ്പിൽ വീട്ടിൽ എം. അഭിനവ് (19), പുലാട്ടിൽ വീട്ടിൽ പി. അക്ഷിത്ത് (19), കൊളങ്ങര ഇടിയാട്ട് വീട്ടിൽ എ. റിഥുൻ (22), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (26), ഫറോക്ക് ചുങ്കം സ്വദേശി മുത്തേടത്ത് വീട്ടിൽ കെ.കെ. സിറാജ്ജുദ്ധീൻ (27) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്.
രാമനാട്ടുകരയിലെ ഒരു സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്.
സ്കൂൾ അവധിക്കാലം മുന്നിൽക്കണ്ട് ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായവരിൽ ഷാഹിദ് ഹുസൈൻ, അബു താഹിർ എന്നിവർ മുൻപും സമാനമായ കേസിൽ പിടിയിലായവരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽ വെച്ച് പോലീസ് പിടികൂടിയ ഇവർ ആറുമാസം ജയിൽശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു.
ജാമ്യത്തിലിറങ്ങി അധികം വൈകാതെ തന്നെ ഇവർ വീണ്ടും ലഹരി വിൽപനയിൽ സജീവമാകുകയായിരുന്നു
പ്രതികളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതിൽ നിന്ന് മറ്റ് ലഹരി വിൽപനക്കാരെക്കുറിച്ചും പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ. ജോൺസൺ, ഫറോക്ക് ഇൻസ്പെക്ടർ ലതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സംഘത്തിൽ എസ്.ഐ സാജിനി, സിറ്റി ഡാൻസാഫ് അംഗങ്ങൾ, സിവിൽ പോലീസ് ഓഫീസർമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



