മദ്യലഹരിയിൽ മകന്റെ ക്രൂരത; അച്ഛനെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പ്രതിക്കായി തിരച്ചിൽ

കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ വയോധികനായ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. മദ്യലഹരിയിലായിരുന്ന പ്രവീൺ (42) ആണ് പിതാവായ പുരുഷനെ (68) ആക്രമിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിലത്തു വീണുകിടന്ന പിതാവിന്റെ നെഞ്ചിലും മുതുകിലും പ്രവീൺ ക്രൂരമായി ചവിട്ടുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ പകർത്തിയത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രതിയായ പ്രവീണിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുടുംബത്തിനുള്ളിൽ മുൻപും പലതവണ തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും രണ്ട് തവണ പ്രവീണിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളതായും മുളവുകാട് പോലീസ് അറിയിച്ചു. എന്നാൽ നടപടികൾക്ക് ശേഷവും ആക്രമണം തുടരുന്നതിനിടെയാണ് വീണ്ടും ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്. മദ്യപാനമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രതിയെ പിടികൂടിയാൽ ഡി-അഡിക്ഷൻ സെന്ററിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും പോലീസ് വ്യക്തമാക്കി. പുറത്തുവന്ന ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും പ്രതിക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുക.

 

Related Articles

- Advertisement -spot_img

Latest Articles