30 C
Saudi Arabia
Monday, April 13, 2026
spot_img

തൃശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ നഷ്ടപ്പെട്ടു, കൊലപാതകമെന്ന് സംശയം

തൃശൂർ: തൃശൂർ ആറങ്ങോട്ടുകര കടുകശേരിയിൽ എഴുപതുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ തച്ചുകുന്ന് പ്രദേശത്ത് താമസിക്കുന്ന തച്ചോത്ത് വീട്ടിൽ സഫിയ (70) ആണ് മരിച്ചത്. ഒറ്റപ്പെട്ട നിലയിലുള്ള വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായും ശരീരത്തിൽ മുറിവുകളുണ്ടെന്നും കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. തനിച്ച് താമസിച്ചിരുന്ന സഫിയ രാത്രികാലങ്ങളിൽ സാധാരണയായി അയൽവീടുകളിലാണ് ഉറങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് കുന്നംകുളം ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും എത്തി വിശദമായ പരിശോധനകൾ നടത്തി. സഫിയയുടെ വീടിന് 200 മീറ്റർ ചുറ്റളവിൽ മറ്റ് വീടുകളൊന്നുമില്ലാത്തതിനാൽ സംഭവം നടക്കുമ്പോൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles