ഇടുക്കി: ചെറുതോണിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും ചേർന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പ്രണയബന്ധത്തിലുണ്ടായ തകർച്ചയെത്തുടർന്ന് നൽകിയ ബൈക്ക് തിരികെ ചോദിച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസ് ഷാജിക്ക് (21) ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന ജിൻസിന്റെ പെൺസുഹൃത്ത് അനു മോഹനൻ (22), സുഹൃത്തുക്കളായ അതുൽകുമാർ സാബു (24), അഭിജിത്ത് ജോഷി (25), യദുകൃഷ്ണൻ വിജയൻ (24) എന്നിവരെ ചെറുതോണി പോലീസ് എറണാകുളത്ത് നിന്ന് പിടികൂടി.
എറണാകുളത്ത് ഒന്നിച്ച് താമസിച്ച് ജോലി ചെയ്തിരുന്നവരാണ് ജിൻസും അനുവും. ബന്ധത്തിനിടയിൽ അനു ജിൻസിന് ഒരു ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ ജിൻസ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ ബൈക്കോ അല്ലെങ്കിൽ അതിനായി നൽകിയ 60,000 രൂപയോ തിരികെ വേണമെന്ന് അനു ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെത്തുടർന്ന് പ്രശ്നം സംസാരിച്ച് തീർക്കാനെന്ന വ്യാജേന ചൊവ്വാഴ്ച പുലർച്ചെ ജിൻസിനെ ചെറുതോണി പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംസാരത്തിനിടയിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ സംഘത്തിലുണ്ടായിരുന്ന അതുൽ കുമാർ ജിൻസിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ഇടതുതോളിൽ പരിക്കേറ്റ ജിൻസ് ഓടി രക്ഷപ്പെട്ടതിനെത്തുടർന്ന് പ്രതികൾ കാറിലും ബൈക്കിലുമായി എറണാകുളത്തേക്ക് കടന്നു. പരിക്കേറ്റ യുവാവിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതികളിൽ പലരും മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കും.



