സഹോദരങ്ങൾ തമ്മിലുള്ള തർക്കം തീർക്കാനെത്തിയ സുഹൃത്തിനെ സഹോദരങ്ങൾ മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സഹോദരങ്ങൾ തമ്മിലുള്ള വാക്കേറ്റം പരിഹരിക്കാൻ ശ്രമിച്ച സുഹൃത്തിനെ ഇരുവരും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വിഴിഞ്ഞത്തെ ഒരു ബാറിൽ വെച്ചുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ വെച്ച് രണ്ട് സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് കണ്ട് ഇവരുടെ സുഹൃത്തായ സുമൻ ഇടപെടുകയായിരുന്നു. തുടർന്ന് പ്രകോപിതരായ സഹോദരങ്ങൾ സുമനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആദ്യം ബാറിനുള്ളിൽ വെച്ചും പിന്നീട് പുറത്ത് റോഡിലിട്ടും സുമനെ ഇവർ ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു.

ബാറിലുണ്ടായിരുന്ന മറ്റുള്ളവർ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. മർദ്ദനമേറ്റ് അവശനായി റോഡിൽ വീണ സുമനെ അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് ആ വഴി വന്ന ഒരു കാർ യാത്രക്കാരനാണ് സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മർദ്ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും നിയമനടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles