കോഴിക്കോട്: നഗരത്തിലെ പള്ളി കോംപൗണ്ടിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തീർത്ഥാടക സംഘത്തിനൊപ്പം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബസിലെത്തിയ പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിനിയായ ഫ്രാങ്കോ (25) ആണ് ആറ് മാസം വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ് പള്ളിക്ക് സമീപം നിർത്തിയതായും യുവതി മൃതദേഹം അവിടെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായും വ്യക്തമായത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴിയിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നതായാണ് പോലീസ് നിഗമനം.
യാത്രയ്ക്കിടെ ബസിനുള്ളിൽ വെച്ചാണ് താൻ പ്രസവിച്ചതെന്നും പെട്ടെന്നുണ്ടായ പ്രസവവേദനയിൽ പേടിച്ചിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. വിവാഹിതയായ ഇവർക്ക് ഒന്നര വയസ്സുള്ള മറ്റൊരു കുട്ടിയുണ്ട്. എന്നാൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം ഉപേക്ഷിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്. യുവതിയുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ചികിത്സ പൂർത്തിയാകുന്ന മുറയ്ക്ക് ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.



