31.4 C
Saudi Arabia
Monday, April 20, 2026
spot_img

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; 20 പേർക്ക് പരിക്ക്

ജമ്മു കാശ്‌മീർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ 15 യാത്രക്കാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ രാംനഗർ ഏരിയയിലെ കഗോട്ട ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട യാത്രാബസ് മലയിടുക്കിലെ അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഉൾഗ്രാമത്തിൽ നിന്നും ഉധംപൂരിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. കൊടുംവളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം.

നാട്ടുകാരും പോലീസും ദുരന്തനിവാരണ സേനയും (SDRF) സംയുക്തമായാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായവരെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഇരകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles