ന്യൂഡൽഹി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഫർമാനെതിരെ പോക്സോ (POCSO), പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദ്ദേശം നൽകി. വിവാഹം കഴിച്ച മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടിക്ക് വിവാഹ സമയത്ത് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസിന് കമ്മീഷൻ ഈ നിർദ്ദേശം നൽകിയത്. വിഷയത്തിൽ കൃത്യമായ രേഖകൾ ലഭ്യമായാൽ കേസ് എടുക്കാമെന്ന് കേരള പോലീസും അറിയിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ ഉത്തരവിട്ടു. ഓരോ മൂന്നു ദിവസം കൂടുമ്പോഴും കേസിന്റെ പുരോഗതി റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫർമാൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും, പ്രായപൂർത്തിയാകാത്ത മകളെക്കൊണ്ട് നിർബന്ധിച്ചാണ് അനുകൂല മൊഴി നൽകിച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പെൺകുട്ടിയുടെ ജനനത്തീയതി സംബന്ധിച്ച് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടിക്ക് നിർദ്ദേശം നൽകിയത്. എന്നാൽ, തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ആധാർ കാർഡും മറ്റ് രേഖകളും പോലീസ് കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടന്നതെന്നും, കേരളത്തിൽ ആർക്കും സുരക്ഷിതമായി വിവാഹം കഴിച്ച് ജീവിക്കാമെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം.വി. ഗോവിന്ദന് പുറമെ മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവരും പങ്കെടുത്തിരുന്നു.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിന്ന സി.പി.എം നേതാക്കൾ ജയിലിൽ പോകേണ്ട കുറ്റമാണ് ചെയ്തതെന്ന് ബി.ജെ.പി ആരോപിച്ചു. വ്യാജ രേഖകൾ ചമച്ചാണ് വിവാഹം നടത്തിയതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് കുറ്റപ്പെടുത്തി. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിൽ നേതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ വ്യക്തമാക്കി. കുംഭമേളയിൽ രുദ്രാക്ഷം വിൽക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഫർമാനുമായുള്ള വിവാഹവും തുടർന്നുണ്ടായ രാഷ്ട്രീയ-നിയമ പോരാട്ടങ്ങളും വാർത്തകളിൽ ഇടംപിടിച്ചത്.



