19.6 C
Saudi Arabia
Friday, April 24, 2026
spot_img

അധ്യാപകർക്കെതിരെ മാനസിക പീഡന പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തെത്തി. കോളേജ് പ്രിൻസിപ്പലിനും പി.ജി ഗ്രീവൻസ് സെല്ലിനുമാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മാസങ്ങളായി തുടരുന്ന പരസ്യമായ അധിക്ഷേപങ്ങളും അവഹേളനങ്ങളും മൂലം ചില വിദ്യാർത്ഥികൾ വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരായ അധ്യാപകർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

മെഡിക്കൽ പി.ജി വിദ്യാർത്ഥികളായ 12 പേരാണ് പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ പി.ജി അസോസിയേഷന്റെ നേതൃത്വത്തിലും വ്യക്തിപരമായും വിദ്യാർത്ഥികൾ തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജാതി അധിക്ഷേപത്തെ തുടർന്ന് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഈ ആരോപണങ്ങൾ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ ഉറപ്പുനൽകി.

 

 

Related Articles

- Advertisement -spot_img

Latest Articles