23.8 C
Saudi Arabia
Saturday, April 25, 2026
spot_img

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രതിഷേധം; ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ, വധശ്രമക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായ കെഎസ്‌യു പ്രവർത്തകർക്കെതിരെയുള്ള ഗുരുതരമായ വകുപ്പുകൾ ഒഴിവാകുമെന്ന് ഉറപ്പായി. ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നത്. എന്നാൽ മന്ത്രിയുടെ പുതിയ മൊഴിയോടെ ഈ ആരോപണം നിയമപരമായി നിലനിൽക്കില്ല. കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മൊഴി നൽകാതിരുന്ന മന്ത്രി, രണ്ടു ദിവസം മുൻപാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്. പ്രതിഷേധത്തിന് പിന്നാലെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ സന്ദർശിക്കുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മന്ത്രിയുടെ കഴുത്തിന് പരിക്കുണ്ടെന്ന തരത്തിലുള്ള മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ, പോലീസുകാരുടെ മൊഴികളിലോ, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലോ വധശ്രമത്തിനുള്ള യാതൊരു തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ വധശ്രമ വകുപ്പ് ഒഴിവാക്കിയാകും റെയിൽവേ പോലീസ് ഇനി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.

 

Related Articles

- Advertisement -spot_img

Latest Articles