23.8 C
Saudi Arabia
Saturday, April 25, 2026
spot_img

സ്കേറ്റിങ്ങിനൊപ്പം ഗണിത വിസ്മയം; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി പത്തു വയസ്സുകാരൻ ഇഷാൻ ഖാൻ

ദോഹ: ഇൻലൈൻ സ്കേറ്റിങ്ങിലെ വേഗതയ്ക്കൊപ്പം അസാമാന്യമായ ഓർമ്മശക്തിയും പ്രകടിപ്പിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചിരിക്കുകയാണ് പത്തു വയസ്സുകാരൻ ഇഷാൻ ഖാൻ. വെറും 5 മിനിറ്റും 54 സെക്കൻഡും കൊണ്ട് ഒരു കിലോമീറ്റർ ദൂരം ഇൻലൈൻ സ്കേറ്റിങ് നടത്തുന്നതിനിടയിൽ, 1 മുതൽ 150 വരെയുള്ള സംഖ്യകളുടെ വർഗ്ഗങ്ങൾ (Squares) കൃത്യമായി ഉരുവിട്ടാണ് ഇഷാൻ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഒരേസമയം ശാരീരികക്ഷമതയും ഏകാഗ്രതയും ഒത്തുചേർന്ന ഇഷാന്റെ പ്രകടനം വിധികർത്താക്കളെയും കാണികളെയും ഒരുപോലെ വിസ്മയിപ്പിച്ചു.

പഠനത്തിലും വായനയിലും മുൻപേ തന്നെ മികവ് തെളിയിച്ചിട്ടുള്ള ഇഷാൻ, പത്തു വയസ്സിനുള്ളിൽ 770 പുസ്തകങ്ങൾ വായിച്ചുതീർത്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘ഐ.ബി.ആർ അച്ചീവർ’ അംഗീകാരവും മുൻപ് സ്വന്തമാക്കിയിട്ടുണ്ട്. സ്കേറ്റിങ്ങിൽ അന്താരാഷ്ട്ര തലത്തിലും ഈ കൊച്ചു മിടുക്കൻ സജീവമാണ്. കഴിഞ്ഞ നവംബറിൽ ഹരിയാനയിലെ ഗുഡ്ഗാവിലി നടന്ന സി.ബി.എസ്.ഇ ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിനെ പ്രതിനിധീകരിച്ച് അണ്ടർ 11 കാറ്റഗറിയിൽ ഇഷാൻ മത്സരിച്ചിരുന്നു.

ദോഹയിലെ സ്കോളേഴ്‌സ് ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഇഷാൻ, മലപ്പുറം സ്വദേശി അംജത് ഖാന്റെയും കൊല്ലം അഞ്ചാലുമൂട് സ്വദേശി സുഹൈന ഫൈസിയുടെയും മകനാണ്. മകന്റെ ഓരോ നേട്ടത്തിനും കരുത്തായി മാതാപിതാക്കൾ ഒപ്പമുണ്ട്. ചുരുങ്ങിയ പ്രായത്തിനുള്ളിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ ഇഷാൻ ഖാൻ, പ്രവാസി മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles