മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി വിശുദ്ധ നഗരമായ മക്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് തീർത്ഥാടകർ തങ്ങളുടെ പക്കലുള്ള പെർമിറ്റുകൾ ഒറിജിനലാണെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം കർശന നിർദ്ദേശം നൽകി. ‘പെർമിറ്റില്ലാതെ ഹജ്ജില്ല’ എന്ന നയം സൗദി അറേബ്യ കർശനമായി നടപ്പിലാക്കി വരികയാണ്. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം പുണ്യസ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ആളുകളുടെ വിന്യാസം കൃത്യമായി ക്രമീകരിക്കുന്നതിനും ഈ സംവിധാനം അനിവാര്യമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. അംഗീകൃത ഹജ്ജ് ഗ്രൂപ്പുകൾക്ക് കൃത്യസമയത്ത് മികച്ച സേവനങ്ങൾ നൽകാൻ പെർമിറ്റ് സംവിധാനം സഹായകരമാകുമെന്നും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളിലും ലൈസൻസില്ലാത്ത ഹജ്ജ് ഗ്രൂപ്പുകളിലും വഞ്ചിതരാകരുതെന്ന് മന്ത്രാലയം തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജിന് മുതിരുന്ന നിയമലംഘകർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഹജ്ജ് മിഷനുകളുമായി സഹകരിച്ച് തീർത്ഥാടകർക്കിടയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ മന്ത്രാലയം സംഘടിപ്പിച്ചു വരികയാണ്. സൗദി അറേബ്യയിൽ എത്തുന്നതിന് മുൻപ് തന്നെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കാൻ തീർത്ഥാടകർ ശ്രദ്ധിക്കണമെന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.



