രംഗത്ത്കീവ്: ദക്ഷിണ യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒഡേസയിലെ മൂന്ന് ജില്ലകളിലായി പാർപ്പിട സമുച്ചയങ്ങൾക്കും ഹോട്ടലുകൾക്കും വെയർഹൗസുകൾക്കും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ഒഡേസ ഗവർണർ ഒലേ കിപ്പർ അറിയിച്ചു. സമാധാനപരമായ ജനതയ്ക്കെതിരെ റഷ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ നിയമപാലകർ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇതിനുപുറമെ, തെക്കുകിഴക്കൻ സാപ്പോറീഷ്യ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിൽ 59 വയസ്സുകാരനായ ഒരു പൗരൻ കൊല്ലപ്പെട്ടു.
റഷ്യൻ നിയന്ത്രണത്തിലുള്ള സാപ്പോറീഷ്യ ആണവനിലയത്തിന് നേരെ നടന്ന യുക്രൈനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലുടനീളം റഷ്യൻ സൈന്യം കഴിഞ്ഞ 24 മണിക്കൂറിനിടെ അറുന്നൂറിലധികം തവണ ആക്രമണങ്ങൾ നടത്തിയതായി യുക്രൈൻ വൃത്തങ്ങൾ വ്യക്തമാക്കി.യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണെങ്കിലും നിലവിൽ ഒരു സ്തംഭനാവസ്ഥ തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും താൻ മികച്ച രീതിയിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള ശത്രുത അസംബന്ധമാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ട്രംപ് ഭരണകൂടം ജൂൺ മാസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന രൂപരേഖ തയ്യാറാക്കി വരുന്നതായും സൂചനയുണ്ട്.അതേസമയം, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അസർബൈജാൻ സന്ദർശിച്ച് സുപ്രധാനമായ ആറ് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെച്ചു. ഊർജ്ജ-പ്രതിരോധ മേഖലകളിലെ സഹകരണത്തിന് പുറമെ, റഷ്യയുമായുള്ള ഭാവിയിലെ സമാധാന ചർച്ചകൾക്ക് വേദിയാകാനുള്ള അസർബൈജാന്റെ സന്നദ്ധതയെക്കുറിച്ചും നേതാക്കൾ ബാകുവിൽ ചർച്ച ചെയ്തു. ഇറാൻ-അമേരിക്ക സംഘർഷം മൂലം ആഗോള ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് മാറിയ സാഹചര്യത്തിൽ, റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഒരു സമവായം കണ്ടെത്താനാണ് നയതന്ത്ര ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.



