ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എസ്.വൈ.എസ് ഹജ്ജ് സെല്ലിന് കീഴിലുള്ള ആദ്യ തീർത്ഥാടക സംഘം നാളെ (വ്യാഴാഴ്ച) സൗദി അറേബ്യയിലെത്തും. എസ്.വൈ.എസ് ഹജ്ജ് സെല്ലിലെ 120 പേരും മർകസ് ഹജ്ജ് ഗ്രൂപ്പിലെ 40 പേരും ഉൾപ്പെടെ ആകെ 160 തീർത്ഥാടകരാണ് ഈ സംഘത്തിലുള്ളത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാവിലെ 8:50-ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് (IX 397) വിമാനത്തിലാണ് ഇവർ യാത്രയാകുന്നത്. സൗദി സമയം ഉച്ചയ്ക്ക് 12:30-ഓടെ ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഹാജിമാർ വൈകുന്നേരത്തോടെ മക്കയിൽ എത്തിച്ചേരും.
പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും അവർക്കാവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും നൽകുന്നതിനുമായി ഐ.സി.എഫ്. ആർ.എസ്.സി വളണ്ടിയർ കോറും നേതാക്കളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസസ്ഥലങ്ങളിലും ഹാജിമാരെ സഹായിക്കാൻ പ്രത്യേക ടീമുകൾ സജീവമായി രംഗത്തുണ്ടാകും. മുൻ വർഷങ്ങളിൽ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ നൽകിവന്ന മികച്ച സേവനങ്ങൾ ഇത്തവണയും ഹാജിമാർക്ക് പൂർണ്ണതോതിൽ ലഭ്യമാക്കുമെന്ന് ഐ.സി.എഫ്, ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.



