മക്കയിൽ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു; കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം

മക്ക: സൗദി അറേബ്യയിലെ മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. മക്ക അസീസിയയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. താമസസ്ഥലത്ത് ആകസ്മികമായി ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മുറിയിലേക്ക് പടർന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പരേതനായ എം.ടി. അമീർ അലിയുടേയും പി.പി. സഫിയത്തിന്റെയും മകനാണ് മുഹമ്മദ് കുഞ്ഞി. ആറിൽ മഹ്‌മൂദ് ഹാജിയാണ് മുത്തച്ഛൻ. ഖലാം, റസാക്ക്, അഷറഫ്, നസീമ എന്നിവർ സഹോദരങ്ങളാണ്.

കെ.എം.സി.സി ഉൾപ്പെടെയുള്ള സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ ദുഃഖമായി. നിലവിൽ മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles