റിയാദ്: ഇരുപത് വർഷം നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം ജയിൽമോചിതനാകുന്നു. സഊദി ജയിലിലെ ശിക്ഷാ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന റഹീമിനെ വരവേൽക്കാൻ ഉമ്മ ഫാത്തിമയും കേരളവും ഒരുങ്ങിക്കഴിഞ്ഞു. 2006 ഡിസംബർ 24-ന് റിയാദിൽ വെച്ചുണ്ടായ ദാരുണമായ ഒരു അപകടത്തെത്തുടർന്നാണ് റഹീം ജയിലിലായത്. താൻ പരിപാലിച്ചിരുന്ന യന്ത്രസഹായത്തോടെ ജീവിച്ചിരുന്ന പതിനഞ്ചുകാരന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുടുങ്ങിയ റഹീം, 20 വർഷമായി റിയാദിലെ ജയിലിൽ തന്റെ മോചനം കാത്തിരിക്കുകയായിരുന്നു.
റഹീമിന്റെ ജീവിതം തിരിച്ചുപിടിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായി മാറി. വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സഊദി കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ (ഏകദേശം 34 കോടി രൂപ) റെക്കോർഡ് സമയത്തിനുള്ളിലാണ് കേരളം സ്വരൂപിച്ചത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാർ മുതൽ പ്രവാസികൾ വരെ പങ്കാളികളായ ഈ ധനസമാഹരണം മാനവികതയുടെ ‘റിയൽ കേരള സ്റ്റോറി’യായി ലോകം വാഴ്ത്തി. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളും സന്നദ്ധ സംഘടനകളുടെ കൂട്ടായ പരിശ്രമവും റഹീമിന്റെ മോചനത്തിന് കരുത്തേകി. 34,45,47,519 രൂപയാണ് കാരുണ്യത്തിന്റെ ഈ വലിയ ഒഴുക്കിലൂടെ സമാഹരിക്കപ്പെട്ടത്.
ഈ തുക കോടതിയിൽ കെട്ടിവെച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ, വരാനിരിക്കുന്ന ബലിപെരുന്നാൾ അവധിക്ക് മുൻപായി റഹീമിനെ നാട്ടിലെത്തിക്കാനുള്ള അതിവേഗ നടപടികളിലാണ് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും. വ്യാഴാഴ്ചയ്ക്ക് മുൻപായി ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചാൽ പെരുന്നാളിന് മുൻപേ റഹീമിന് സ്വന്തം നാട്ടിലേക്കും ഉമ്മയുടെ അടുത്തേക്കും വിമാനം കയറാൻ സാധിക്കും. മങ്ങാത്ത ആ മനുഷ്യനന്മയുടെ കൈപിടിച്ച് അബ്ദുൾ റഹീം തിരിച്ചെത്തുന്നതും കാത്ത് ഉമ്മയും കേരളം ഒന്നാകെയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്



