തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികൾക്ക് തുടക്കം കുറിച്ചു. എന്നാൽ, പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ല. വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ലോക്ഭവന്റെ നിർദ്ദേശം തള്ളിക്കൊണ്ട് ആദ്യത്തെ ആറ് വരികൾ മാത്രമാണ് സഭയിൽ പാടിയത്. വന്ദേമാതരം മുഴുവൻ വേണ്ടെന്ന നിർദ്ദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്നും, അദ്ദേഹം ഇക്കാര്യം സ്പീക്കർക്ക് നിർദ്ദേശമായി കൈമാറുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
തുടർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തി. സർക്കാർ സുതാര്യവും ജനാഭിമുഖവുമായ നയമാണ് സ്വീകരിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി. നെഹ്‌റുവിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ചു മുന്നോട്ടുപോകുമെന്നും, സംസ്ഥാനത്തിന് അർഹമായ ന്യായമായ പിന്തുണ കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ കൂട്ടിച്ചേർത്തു.



