മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറത്സ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അന്വേഷണം തുടരാമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സി.എം.ആർ.എൽ കോടതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും, അതിനാൽ ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ പ്രധാന വാദം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു കുറ്റകൃത്യവും ഈ ഇടപാടിൽ നടന്നിട്ടില്ലെന്നും, അതിനാൽ ഇ.ഡിക്ക് വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നും സി.എം.ആർ.എൽ വ്യക്തമാക്കുന്നു. എം.ഡി എസ്.എൻ. ശശിധരൻ കർത്ത, സി.എഫ്.ഒ കെ. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുര്യൻ തുടങ്ങിയവരാണ് അപ്പീൽ നൽകിയിരിക്കുന്നത്.

കമ്പനി ഓഫീസുകളിൽ ഇ.ഡി റെയ്ഡ് പൂർത്തിയായതിന് പിന്നാലെ, പ്രതികളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് കമ്പനി അപ്പീലുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടികളുമായി കമ്പനി മുന്നോട്ടുപോകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles