വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സി.ഐ.ഡി റെയ്ഡ്; അഭിഷേക് ബാനർജിയുടെ ഓഫീസിലും പരിശോധന

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വൻ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ കൊൽക്കത്തയിലെ കാളിഘട്ടിലുള്ള വസതിയിൽ സി.ഐ.ഡി റെയ്ഡ്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമതയുടെ വസതിയും പാർട്ടി കേന്ദ്ര ഓഫീസും സ്ഥിതി ചെയ്യുന്ന വളപ്പിലാണ് ഒരേസമയം പരിശോധന നടന്നത്. ഇതിന് പുറമെ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കാമാക് സ്ട്രീറ്റിലുള്ള ഓഫീസിലും മറ്റൊരു സി.ഐ.ഡി സംഘം പരിശോധന നടത്തി. പാർട്ടി എം.എൽ.എമാരുടെ വ്യാജ ഒപ്പ് ചമച്ചതുമായി ബന്ധപ്പെട്ട കേസിൻമേലാണ് സംസ്ഥാന അന്വേഷണ ഏജൻസിയുടെ ഈ നിർണ്ണായക നീക്കം.

പശ്ചിമ ബംഗാൾ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തി സ്പീക്കർക്ക് കത്ത് നൽകിയെന്ന പരാതിയിലാണ് നിലവിൽ സി.ഐ.ഡി അന്വേഷണം നടക്കുന്നത്. മുതിർന്ന ടി.എം.സി നേതാവ് സൊവൻദേബ് ചട്ടോപാധ്യായെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്ന് കാട്ടി വിമത എം.എൽ.എമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പരാതി നൽകിയിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ പിളർപ്പിനും ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിക്കും ഇത് കാരണമായി. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അഭിഷേക് ബാനർജിക്ക് സി.ഐ.ഡി നോട്ടീസ് നൽകിയിരുന്നു. എം.എൽ.എമാരുടെ ഒപ്പുകൾ ശേഖരിച്ചത് പാർട്ടി കേന്ദ്ര ഓഫീസിൽ വെച്ചാണെന്ന് അഭിഷേക് നൽകിയ മുൻ മറുപടിയുടെ അടിസ്ഥാനത്തിലാണ് സി.ഐ.ഡി സംഘം പരിശോധനയ്‌ക്കെത്തിയത്.

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തൃണമൂൽ കോൺഗ്രസ് നേതാക്കളും സുരക്ഷാ ജീവനക്കാരും ആദ്യം തടഞ്ഞത് നേരിയ തർക്കത്തിനും നാടകീയ രംഗങ്ങൾക്കും കാരണമായി. മമത ബാനർജിയും അഭിഷേക് ബാനർജിയും നിലവിൽ ‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലായതിനാൽ, അവരുടെ അസാന്നിധ്യത്തിൽ പരിശോധന അനുവദിക്കില്ലെന്ന് മുൻ എം.പി സുഭാശിഷ് ചക്രവർത്തി ഉൾപ്പെടെയുള്ള നേതാക്കൾ നിലപാടെടുത്തു. എന്നാൽ പിന്നീട് കൂടുതൽ പോലീസ് സന്നാഹവുമായി എത്തിയ സി.ഐ.ഡി സംഘം സുരക്ഷാ ജീവനക്കാരുടെ എതിർപ്പ് മറികടന്ന് വസതിക്കുള്ളിൽ പ്രവേശിച്ച് രേഖകളുടെ പരിശോധനയും വെരിഫിക്കേഷനും ആരംഭിക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ വിമത നീക്കം ശക്തമാകുന്നതിനിടയിൽ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന ഈ സി.ഐ.ഡി റെയ്ഡ് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles