ബെയ്റൂത്ത്/വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാനക്കരാർ അവസാന ഘട്ടത്തിലാണെന്നും പശ്ചിമേഷ്യൻ യുദ്ധം ദിവസങ്ങൾക്കകം അവസാനിക്കുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾ ലബനനിലെ നിലവിലെ യഥാർത്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ‘ബെയ്റൂത്ത് ബന്യാൻ’ പോഡ്‌കാസ്റ്റിന്റെ അവതാരകനുമായ റോണി ചതഹ്. ട്രംപ് ഭരണകൂടം ‘വെടിനിർത്തൽ’ എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിക്കുമ്പോഴും തെക്കൻ ലബനനിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും കടുത്ത ബോംബാക്രമണങ്ങളും ഉപരോധവും തുടരുകയാണെന്ന് അൽ ജസീറയോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. അമേരിക്കൻ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ലബനനിലെ ജനങ്ങൾക്ക് യുദ്ധത്തിൽ നിന്നും യാതൊരുവിധ ആശ്വാസവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കൈവശമുള്ള വൻ ആയുധശേഖരം പൂർണ്ണമായി ഇല്ലാതാകാതിരിക്കുകയും, തെക്കൻ ലബനനിലെ ഇസ്രായേലിന്റെ സൈനിക അധിനിവേശം തുടരുകയും ചെയ്യുന്നിടത്തോളം കാലം മേഖലയിലെ പോരാട്ടം അവസാനിക്കില്ലെന്ന് റോണി ചതഹ് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഭാവിയിൽ തെക്കൻ ലബനൻ ഒരു ‘സ്ഥിരമായ യുദ്ധക്കളമായി’ മാറാനാണ് സാധ്യത. ലബനൻ മുഴുവനായും ഇപ്പോൾ ഒരു യുദ്ധമേഖലയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ജനങ്ങൾ നിരന്തരം ബോംബാക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുമ്പോൾ ഈ സാഹചര്യത്തെ വിവരിക്കാൻ ‘വെടിനിർത്തൽ’ എന്ന പദം ഉപയോഗിക്കുന്നത് ഒട്ടും ശരിയല്ലെന്നും ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനൻ അതിർത്തിയിൽ ഇസ്രായേലും ഇറാൻ സഖ്യവും തമ്മിൽ പുതിയൊരു പ്രതിരോധ സമവാക്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ സമാധാന പ്രഖ്യാപനം വന്നിരിക്കുന്നത്. ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയാൽ ഇസ്രായേൽ മണ്ണിലേക്ക് നേരിട്ട് തിരിച്ചടിക്കുമെന്ന കടുത്ത നിലപാടിലാണ് ഇറാൻ. ലബനനിലെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാതെ അമേരിക്കയുമായി യാതൊരു കരാറുമില്ലെന്ന് ടെഹ്‌റാനും ആവർത്തിക്കുന്നുണ്ട്. ഒരു വശത്ത് നയതന്ത്ര ചർച്ചകൾ സജീവമാണെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുമ്പോഴും, ചെങ്കടലിൽ ഹൂത്തികൾ ഏർപ്പെടുത്തിയ കപ്പൽ വിലക്കും ഇറാന്റെ മിസൈൽ വർഷവും കാരണം പശ്ചിമേഷ്യൻ മേഖല ഇപ്പോഴും കടുത്ത യുദ്ധഭീതിയിൽ തന്നെയാണ് തുടരുന്നത്.



