ശബരിമല സ്വർണ്ണക്കൊള്ള കേസ്: വിവാദത്തിനൊടുവിൽ ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിനെച്ചൊല്ലി ഉയർന്ന കനത്ത വിവാദത്തിൽ നിന്നും ഒടുവിൽ സംസ്ഥാന സർക്കാർ തലയൂരി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കർശന നിർദ്ദേശത്തെ തുടർന്ന് അഡ്വ. കെ.ബി. പ്രദീപ് സ്പെഷ്യൽ പ്ലീഡർ സ്ഥാനം രാജിവെച്ചു. ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൂശുന്ന കരാറെടുത്ത ചെന്നൈ ആസ്ഥാനമായ ‘സ്മാർട്ട് ക്രിയേഷൻസ്’ കമ്പനിയുടെ പ്രധാന അഭിഭാഷകനായിരുന്നു പ്രദീപ്. കേസിൽ സംശയനിഴലിലുള്ള പ്രതിഭാഗത്തിന് വേണ്ടി മുൻപ് കോടതിയിൽ ഹാജരായ വ്യക്തിയെ തന്നെ ദേവസ്വം ബോർഡിന്റെ കേസ് നടത്താൻ സ്പെഷ്യൽ പ്ലീഡറാക്കിയതാണ് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതുറന്നത്.

ദേവസ്വം പ്ലീഡറുടെ നിയമനത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ തുറന്നുസമ്മതിച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകനെന്ന നിലയിലാണ് അദ്ദേഹത്തെ ആദ്യം ഈ പദവിയിലേക്ക് പരിഗണിച്ചതെങ്കിലും, ഭക്തജനങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി നടപടി സ്വീകരിച്ചത്. നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരുതരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, കഴിഞ്ഞ ദിവസം ഈ നിയമനത്തെ ശക്തമായി ന്യായീകരിച്ചുകൊണ്ട് മന്ത്രി മുരളീധരൻ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ പ്ലീഡർ മുൻപ് പ്രതികൾക്ക് വേണ്ടി ഹാജരായതിനാൽ അവരുടെ എല്ലാ ബലഹീനതകളും നന്നായി അറിയാമെന്നും, അത് കേസിനെ സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ വാദം.

അതേസമയം, സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ പ്ലീഡറായി നിയമിച്ചതിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് അന്വേഷണ സംഘവും കനത്ത ആശങ്കയറിയിച്ചിരുന്നു. മുമ്പ് കോടതിയിൽ പ്രതിഭാഗം വാദിച്ച അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും, നിലവിലെ പോലീസ് അന്വേഷണം അട്ടിമറിക്കാനാണ് ഈ അടിയന്തര നീക്കമെന്നും മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവനും കടുത്ത വിമർശനം ഉന്നയിച്ചു. കേരളത്തിൽ യോഗ്യരായ അഭിഭാഷകരുടെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ഈ വിവാദ നിയമനത്തിൽ തിരുത്തൽ വരുത്തണമെന്നും ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഈ നിയമനകാര്യത്തിൽ സർക്കാർ കള്ളന് ചൂട്ടുപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന പ്രതിപക്ഷത്തിന്റെ കടുത്ത ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് ഒടുവിൽ പ്രദീപിന്റെ രാജി വാങ്ങി സർക്കാർ തടിയൂരിയത്.

Related Articles

- Advertisement -spot_img

Latest Articles