സമാധാന ചർച്ചകൾക്കിടയിലും ചോരപ്പുഴയൊഴുക്കി ഇസ്രായേൽ; ലെബനനിൽ 20 നഗരങ്ങൾ ഉടനടി ഒഴിഞ്ഞുപോകാൻ കനത്ത ഭീഷണി

ബെയ്റൂത്ത്/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന കരാറിന്റെ പരിധിയിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കിയെങ്കിലും, ലെബനൻ മണ്ണിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ശനിയാഴ്ച പുലർച്ചെ മുതൽ ലെബനനിൽ ഇസ്രായേൽ സൈന്യം തങ്ങളുടെ സൈനിക അധിനിവേശം വൻതോതിൽ വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി തെക്കൻ ലെബനനിലെ നബാതിയ, ജെസ്സീൻ എന്നീ ജില്ലകളിലെ 20 ഓളം നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവരോട് ഉടനടി ഒഴിഞ്ഞുപോപകാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് കർശന നിർദ്ദേശം നൽകി. ഇതിന് തൊട്ടുപിന്നാലെ സിദോൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളോടും വീടുകൾ വിട്ടുപോകാൻ ഇസ്രായേൽ പുതിയ ഉത്തരവിറക്കിയതോടെ മേഖലയിൽ കൂട്ടപ്പലായനം ആരംഭിച്ചിരിക്കുകയാണ്.

ഇസ്രായേൽ സൈന്യം നിലവിൽ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്ന തെക്കൻ ലെബനനിലെ തന്ത്രപ്രധാന അതിർത്തി മേഖലയായ ‘യെല്ലോ ലൈൻ’ പരിധിക്ക് ഒട്ടേറെ വടക്കുള്ള പ്രദേശങ്ങളിലാണ് ഇസ്രായേൽ ഇപ്പോൾ ഈ കടുത്ത ഒഴിപ്പിക്കൽ ഭീഷണി മുഴക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ ശനിയാഴ്ച രാവിലെ മുതൽ തെക്കൻ ലെബനനിലുടനീളം ഇസ്രായേൽ യുദ്ധവിമാനങ്ങൾ വ്യാപകമായ വ്യോമാക്രമണങ്ങളും ബോംബ് വർഷവും നടത്തി. ഇത് സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിന് പകരം, യുദ്ധം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ ലക്ഷണമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. യു.എസും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടിയിൽ ലെബനൻ ഉണ്ടാകുമോ ഇല്ലയോ എന്ന് പ്രാദേശിക ശക്തികൾ ചർച്ച ചെയ്യുന്ന ഈ വേള, ലെബനനെ സംബന്ധിച്ച് സമാധാനത്തിന്റേതല്ല, മറിച്ച് കടുത്ത അപകടത്തിന്റേതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് മുൻപ് ഏപ്രിൽ 8-ന് സമാനമായ രീതിയിൽ ലെബനനെ സമാധാന കരാറിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായത്. അന്ന് ലെബനനെ കരാറിൽ ഉൾപ്പെടുത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇസ്രായേൽ സൈന്യവും വളരെ വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അന്ന് ഉച്ചയ്ക്ക് ശേഷം ലെബനന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ ബോംബാക്രമണം ഈ യുദ്ധത്തിലെ തന്നെ ഏറ്റവും രക്തരൂഷിതമായ ദിനമായി മാറുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. സമാനമായ രീതിയിൽ, അമേരിക്കയുമായുള്ള കരാറിന് തൊട്ടുമുമ്പ് ലെബനനിലെ ഹിസ്ബുള്ളയുടെ ശേഷി പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഇപ്പോൾ നബാതിയയിലും സിദോനിലും കനത്ത വ്യോമാക്രമണം തുടരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles