ജുബൈൽ: ദീർഘകാലം സൗദി അറേബ്യയിലെ ജുബൈലിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി പൊന്നാരന്റെ അബ്ദുൽ സലാം ആണ് മരണപ്പെട്ടത്. പക്ഷാഘാതം ബാധിച്ച് ദീർഘകാലമായി നാട്ടിൽ ചികിത്സയിലും കിടപ്പിലുമായിരുന്നു.
ജുബൈൽ ഫിഷ് മാർക്കറ്റിൽ ദീർഘകാലം ജോലി ചെയ്തിരുന്ന അദ്ദേഹം പ്രവാസികൾക്കിടയിലും നാട്ടുകാർക്കിടയിലും ഒരുപോലെ പ്രിയങ്കരനായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫെഡറേഷൻ (ഐ സി എഫ്) അൽ ജുബൈൽ ബീച്ച് യൂണിറ്റ് മുൻ ഭാരവാഹിയായിരുന്ന അബ്ദുൽ സലാം, പ്രവാസലോകത്തെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ജമീലയാണ് പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ. സഫ്‌വാൻ, സുഹൈൽ, തസ്‌നി, സജ്‌ന എന്നിവർ മക്കളാണ്. ഇസ്മയിൽ, സുബൈർ, ബഷറിയ
തെസ്നി എന്നിവർ മരുമക്കൾ ആണ്.
ജുബൈലിലെ പ്രവാസി സമൂഹത്തിന് വലിയ സഹായങ്ങൾ ചെയ്തിരുന്ന, എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന അബ്ദുൽ സലാമിന്റെ വിയോഗ വാർത്ത പ്രവാസി സുഹൃത്തുക്കളെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. സാമൂഹിക രംഗത്തെ അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകളെ സ്മരിച്ചുകൊണ്ട് ഐ.സി.എഫ് നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.



