ഗൾഫ് യുദ്ധം: യു.എസ് നീക്കങ്ങളിൽ ഡൽഹിക്ക് അമർഷം; ഇന്ത്യക്ക് തുണയായി സൗദി അറേബ്യ

റിയാദ്/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, മേഖലയിൽ ഏറ്റവും കൂടുതൽ താൽപ്പര്യങ്ങളുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ കടുത്ത ആശങ്കയോടെയാണ് സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെയും സമുദ്ര വാണിജ്യ പാതകളെയും വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കും ഈ യുദ്ധം കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ കരുത്താർജ്ജിച്ചതായി സൗദിയിലെ ഇന്ത്യയുടെ മുൻ സ്ഥാനപതി സുഹേൽ അജാസ് ഖാൻ വെളിപ്പെടുത്തി. അറബ് ന്യൂസിന്റെ ‘ഫ്രാങ്ക്‌ലി സ്പീക്കിംഗ്’ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൾഫ് മേഖലയിലെ യുദ്ധം ഇന്ത്യയുടെ ആഭ്യന്തര താല്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സ്ഥാനപതി ചൂണ്ടിക്കാട്ടി. നിലവിൽ പശ്ചിമേഷ്യയിലാകെ ഒരു കോടിയോളം ഇന്ത്യൻ പ്രവാസികളുണ്ട്, അതിൽ 27 ലക്ഷത്തോളം പേർ സൗദി അറേബ്യയിൽ മാത്രമാണ് കഴിയുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര-ഊർജ്ജ പങ്കാളികളായ ഗൾഫ് മേഖലയിൽ എന്ത് സംഭവിച്ചാലും അത് ഇന്ത്യയെ നേരിട്ട് ബാധിക്കും. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ രണ്ടുതവണ ഫോണിൽ സംസാരിക്കുകയും ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വാണിജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുപ്രവർത്തിക്കണമെന്നാണ് ഇന്ത്യയുടെയും സൗദിയുടെയും സംയുക്ത നിലപാട്. ഒമാൻ തീരത്ത് വെച്ച് ഭൂരിഭാഗവും ഇന്ത്യൻ ജീവനക്കാരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ മാരകമായ മിസൈലാക്രമണങ്ങളിൽ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യ ഇതിനകം തന്നെ യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി രണ്ട് തവണ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിൽ സിവിലിയൻ കപ്പലുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യുദ്ധം കാരണം ഹോർമുസ് കടലിടുക്കിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാൻ സൗദി അറേബ്യ തങ്ങളുടെ ചെങ്കടൽ തീരത്തുള്ള യാൻബു തുറമുഖം വഴി എണ്ണയും രാസവളങ്ങളും സുരക്ഷിതമായി എത്തിച്ചുതരുന്നുണ്ടെന്ന് സുഹേൽ അജാസ് ഖാൻ വ്യക്തമാക്കി. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 15 ശതമാനത്തോളം നൽകുന്ന സൗദി അറേബ്യ എക്കാലത്തെയും വിശ്വസ്തനായ പങ്കാളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, യുദ്ധത്തിൽ അയൽരാജ്യങ്ങളിൽ കുടുങ്ങിപ്പോയ 15,000-ത്തോളം ഇന്ത്യൻ പ്രവാസികൾക്ക് സൗദി ഭരണകൂടം സൗജന്യ ട്രാൻസിറ്റ് വിസ നൽകി നാട്ടിലെത്താൻ സഹായിച്ചതിനും തങ്ങളുടെ വ്യോമപാത എപ്പോഴും തുറന്നിട്ടതിനും അദ്ദേഹം സൗദിക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഊർജ്ജത്തിനപ്പുറം പ്രതിരോധം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യ-സൗദി ബന്ധം വളർന്നു. നിലവിൽ അയ്യായിരത്തിലധികം ഇന്ത്യൻ കമ്പനികൾ സൗദിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഈ മഹത്തായ ബന്ധത്തെ “സമാധാനം, പുരോഗതി, സമൃദ്ധി” എന്നീ മൂന്ന് വാക്കുകളിലാണ് മുൻ സ്ഥാനപതി വിശേഷിപ്പിച്ചത്.

Related Articles

- Advertisement -spot_img

Latest Articles