ബെംഗളൂരു: കേരളത്തിലെ വയനാട് ജില്ലയെയും കർണാടകയിലെ എച്ച്.ഡി കോട്ട താലൂക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതോടെ അതിർത്തി മേഖലയിലെ ജനങ്ങളുടെ 32 വർഷം നീണ്ട കാത്തിരിപ്പിനാണ് ശുഭകരമായ അന്ത്യമാകുന്നത്. പാലം നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിനായുള്ള ഫണ്ട് ഉടൻ അനുവദിക്കുമെന്നും ബൈരക്കുപ്പ സന്ദർശിച്ച മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉറപ്പുനൽകി. ബെംഗളൂരുവില്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറുമായി നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കബനി നദിക്ക് കുറുകെ നിർമ്മിക്കുന്ന ഈ പാലം വയനാടിന്റെയും കർണാടക അതിർത്തി ഗ്രാമങ്ങളുടെയും യാത്രാ-വ്യാപാര മേഖലകളിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കുക. നിലവിൽ ഈ പ്രദേശത്തുള്ളവർക്ക് മറുകരയിലെത്താൻ തോണികളെ മാത്രമാണ് ആശ്രയിക്കേണ്ടി വരുന്നത്. മഴക്കാലത്ത് കബനി നദി നിറഞ്ഞൊഴുകുമ്പോൾ ഈ യാത്രാമാർഗ്ഗം പൂർണ്ണമായും തടസ്സപ്പെടുകയും ജനങ്ങൾ ഒറ്റപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ വയനാട്ടിലെ ജനങ്ങൾക്ക് കർണാടകയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാകും.
പാലത്തിന്റെ നിർമ്മാണം പലവിധ ഭരണാനുമതികളുടെയും വനഭൂമി തർക്കങ്ങളുടെയും പേരിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ നിലവിലെ തടസ്സങ്ങളെല്ലാം നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കർണാടക മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പാലം അനിവാര്യമാണെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി കേരള അതിര്‍ത്തിയിലെ അപ്രോച്ച് റോഡിന്റെ നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കര്‍ണാടക ഭാഗത്തെ ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതികളും വൈകിയതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായത്. ഈ തടസ്സങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.കെ ബഷീര്‍ കര്‍ണാടകയ്ക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ ഇടപെട്ട് ഇരു സര്‍ക്കാരുകള്‍ക്കും കത്തയച്ചിരുന്നു.



