ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ആവേശ സമനില (2-2) പിടിച്ചതിന് പിന്നാലെ ഇറാൻ ദേശീയ ഫുട്ബോൾ ടീമിൽ പുതിയ പ്രതിസന്ധി. മെക്സിക്കോയിലെ ടിജുവാനയിലുള്ള തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് മടങ്ങാനിരുന്ന ഇറാൻ സംഘത്തിലെ രണ്ട് പ്രമുഖരെ അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. ഇറാന്റെ ക്യാപ്റ്റനും പ്രമുഖ ഫോർവേഡ് താരവുമായ മെഹ്ദി താരെമി, അസിസ്റ്റന്റ് കോച്ച് സയീദ് അൽഹൂയി എന്നിവരുടെ മടക്കയാത്രാ രേഖകളുടെ പരിശോധനയാണ് യു.എസ് ഇമിഗ്രേഷൻ അധികൃതർ വൈകിപ്പിച്ചത്. നേരത്തെ ലോകകപ്പിനായി അമേരിക്കയിലേക്ക് പ്രവേശിച്ചപ്പോഴും സമാനമായ രീതിയിൽ യു.എസ് അധികൃതർ ഇവരെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നുവെന്ന് ഇറാന്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ടീമിലെ മറ്റ് കളിക്കാരും ഭാരവാഹികളും വിമാനത്തിൽ കയറിയെങ്കിലും, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നതിനാൽ ക്യാപ്റ്റൻ താരെമിക്കും അസിസ്റ്റന്റ് കോച്ചിനും വിമാനത്താവളത്തിന് പുറത്തുകടക്കാനുള്ള അവസാനഘട്ട നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം ഇറാന്റെ വിംഗർ താരം മെഹ്ദി തൊറാബിയുടെ വിസയുമായി ബന്ധപ്പെട്ടും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. താരത്തിന് അനുവദിച്ചിരുന്ന സിംഗിൾ എൻട്രി വിസയുടെ കാലാവധി ന്യൂസീലൻഡുമായുള്ള മത്സരത്തോടെ അവസാനിച്ച സാഹചര്യത്തിൽ, ടൂർണമെന്റിൽ തുടർന്ന് കളിക്കുന്നതിനായി താരത്തിന് മൾട്ടിപ്പിൾ എൻട്രി വിസ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ ഫുട്ബോൾ അധികൃതർ. അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള കടുത്ത നയതന്ത്ര-രാഷ്ട്രീയ ഭിന്നതകളാണ് കായികതാരങ്ങൾക്ക് നേരെയുള്ള ഈ കർശന നടപടികൾക്ക് പിന്നിലെന്നാണ് സൂചന.



