പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ എം സി സി

റിയാദ്: കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ പെന്‍ഷന്‍ തുക അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സൗദി – മാറാക്കര പഞ്ചായത്ത് കെ എം സി സി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്നും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സൗദിയിലെ കെ എം സി സി മെമ്പര്‍മാരുടെ മക്കളില്‍ മദ്രസ – സ്കൂള്‍ പത്ത്, പ്ലസ് ടു പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, എല്‍ എസ് എസ്/ യു എസ് എസ് പരീക്ഷ വിജയിച്ചര്‍ എന്നിവരെ അനുമോദിക്കാനും ഹാജിമാര്‍ക്ക് സേവനം ചെയ്ത മാറാക്കര പഞ്ചായത്തില്‍ നിന്നുള്ള കെ എം സി സി ഹജ്ജ് വളണ്ടിയര്‍മാരെ ആദരിക്കാനും യോഗം തീരുമാനിച്ചു.

ഓൺലൈൻ ആയി നടന്ന യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഷക്കീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ ഹാജി കല്ലന്‍ ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി മുസ്ലിയാര്‍ ആമുഖ ഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് കൊളംബന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷാഫി മേലേതില്‍ പ്രമേയം അവതരിപ്പിച്ചു.

മുജീബ് നെയ്യത്തൂര്‍, ഫൈസല്‍ ചേരട, അബ്ദുസ്സമദ് എം.കെ നഗര്‍, കെ. ടി മുസ്തഫ, ബഷീര്‍ നെയ്യത്തൂര്‍, കെ. ടി എ റസാഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. മുഹമ്മദ് കല്ലിങ്ങല്‍ ഖിറാഅത് നടത്തി. ജനറല്‍ സെക്രട്ടറി പി. പി മുസ്തഫ സ്വാഗതവും ട്രഷറര്‍ ഫര്‍ഹാന്‍ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles